വത്തിക്കാൻ സിറ്റി: സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടിയിലിരുന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപും ഉക്രൈൻ പ്രസിഡൻ്റ് സെലൻസ്കിയും തമ്മിൽ നടത്തിയ പരസ്യമായ രഹസ്യ ചർച്ചയുടെ വിവരങ്ങൾ പുറത്തു വന്നു തുടങ്ങി. റഷ്യൻ പ്രസിഡൻ്റ് പുട്ടിനെതിരെയുള്ള പരാമർശവുമായി ട്രംപ് സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിൽ ആയ ട്രൂത്ത് സോഷ്യലിൽ വന്നു. ഉക്രെയ്‌നിലെ ജനവാസ മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമർശിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിനിടെ ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്‌റ്റിലാണ് ട്രംപിന്റെ വിമർശനം.
"ഒരുപക്ഷേ അദ്ദേഹം യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നില്ലായിരിക്കാം" എന്നാണ് ട്രംപിൻ്റെ പോസ്‌റ്റ്. പുട്ടിനെ വ്യത്യസ്‌തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്ന് റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന സൂചന നൽകി ട്രംപ് പറഞ്ഞു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുട്ടിൻ അകാരണമായി ജനവാസമേഖലകളിലേക്കും നഗരങ്ങളിലേക്കും മിസൈലുകൾ തൊടുക്കുന്നു. യുദ്ധം നിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാം. സാമ്പത്തികം അല്ലെങ്കിൽ 'ദ്വിതീയ ഉപരോധങ്ങൾ' വഴി വ്യത്യസ്‌തമായി കൈകാര്യം ചെയ്യേണ്ടിവരുമെന്ന് എനിക്ക് തോന്നുന്നു. ഒട്ടേറെ ആളുകൾ മരിക്കുന്നു!.''- ട്രംപ് കുറിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനായി വത്തിക്കാനിലെത്തിയപ്പോഴാണ് ട്രംപും സെലെൻസ്‌കിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംസാരം 15 മിനിറ്റോളം നീണ്ടു. വൈറ്റ് ഹൗസിലെ തെറ്റിപ്പിരിയലിന് ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
The secret talks that were held in public are starting to bear fruit. Trump against Putin